സൂര്യനസ്തമിക്കാത്ത നാട്!

സൂര്യനസ്തമിക്കാത്ത നാട്!


നോക്കിയ ഫോണിൻറെ ജന്മദേശം എവിടെയാണ്? സാന്താക്ലോസിന്‍റെ വീട് എവിടെയാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? രണ്ടു ലക്ഷത്തിലധികം കുഞ്ഞു കുഞ്ഞു തടാകങ്ങള്‍ ഉള്ള, സത്യം മാത്രം പറയുന്ന, ആരോഗ്യപരമായ മാത്രം ഭക്ഷണം കഴിക്കുന്ന, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോഫിപ്രിയന്മാര്‍ ഉള്ള, ഏറ്റവും മികച്ച പീത്‌സ കിട്ടുന്ന, മൽസ്യ - മാംസങ്ങള്‍ തുടങ്ങി  പച്ചക്കറിയും പഴങ്ങളും മറ്റെല്ലാ ഭക്ഷണ പദാർഥങ്ങളും ഫ്രഷ് ആയി മാത്രം കിട്ടുന്ന ഒരു രാജ്യം! ഒരു സ്വപ്നം പോലെ തോന്നുന്നില്ലേ? എന്നാല്‍ അങ്ങനെയൊരു രാജ്യമുണ്ട്. സൂര്യനസ്തമിക്കാത്ത ഒരു നാട്.  കേരളത്തിന്‍റെ ഏഴിലൊന്നു വലുപ്പം മാത്രമുള്ള ഫിന്‍ലന്‍ഡ്‌! ലോകത്ത് എന്തു മികച്ച റാങ്കിങ് പട്ടിക തയാറാക്കിയാലും അതില്‍ ആദ്യ പത്തില്‍ കാണുന്ന ഈ രാജ്യം ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ സഞ്ചാരികളുടെയും പ്രിയഭൂമിയാണ്.  

ഫിന്‍ലന്‍ഡ്‌, ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഫിന്‍ലന്‍ഡ്‌, നോർഡിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന ഒരു വടക്കൻ യൂറോപ്യൻ രാജ്യമാണ്‌. പടിഞ്ഞാറ് സ്വീഡനുമായും, കിഴക്ക് റഷ്യയുമായും, വടക്ക് നോർവ്വേയുമായും, തെക്ക് എസ്റ്റോണിയയുമായും അതിർത്തി പങ്കിടുന്നു. ഹെൽസിങ്കിയാണ്‌ ഈ രാജ്യത്തിന്റെ തലസ്ഥാനം. ഫിൻലാൻഡിലെ ദേശീയപക്ഷിയാണ് വൂപ്പർ അരയന്നം. ഏതാണ്ട് 5.5 ദശലക്ഷം ജനസംഖ്യയുള്ള ഇവിടത്തെ ഭൂരിഭാഗവും താമസിക്കുന്നത് തെക്കൻഫിന്‍ലന്‍ഡിലാണ്‌. 

കേരളത്തിന്റെ ഏഴിൽ ഒന്ന് ജനസംഖ്യ മാത്രമുള്ള അതി സുന്ദരമായ ഒരു ചെറിയ രാജ്യമാണിത്. വടക്കൻ യൂറോപ്പിൽ ആർട്ടിക്കിന് അടുത്ത് കിടക്കുന്ന നോർഡിക് രാജ്യമാണ്. സ്വീഡൻ, നോർവേ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഫിൻലന്റിലെ ഔദ്യോഗിക ഭാഷകൾ ഫിന്നിഷും സ്വീഡിഷുമാണ്. യൂറോപ്പിൽ സാമാന്യം വലിപ്പമുള്ള രാജ്യങ്ങളിൽ ഒന്നായ ഫിന്‍ലന്‍ഡിൽ  കേവലം 55 ലക്ഷം മാത്രമാണ് ജനസംഖ്യ. ഇന്ത്യയേക്കാൾ രണ്ടര മണിക്കൂർ സമയ സൂചിക പിറകിൽ നിൽക്കുന്ന ഫിൻലഡിൻറെ ഔദ്യോഗിക കറൻസി യൂറോ ആണ്. എളിമയും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുന്ന ജനത, അതാണ്‌ ഫിന്നിഷ്‌.

യൂറോപ്പിലെ താരതമ്യേന പാവപ്പെട്ട ഒരു രാജ്യമായിരുന്നു നാല്പത് വർഷം മുൻപ് വരെ ഫിന്‍ലന്‍ഡ്‌. കുറെ നാൾ സ്വീഡനും പിന്നെ റഷ്യയും ഒക്കെ കയ്യടക്കി വച്ചിരുന്ന സ്ഥലമായിരുന്നു. പക്ഷെ ഇന്ന് സ്ഥിതി അങ്ങനെയല്ല, ഇന്ന് വികസിതവും സമ്പന്ന രാജ്യവുമാണ് ഫിന്‍ലന്‍ഡ്‌. വ്യാവസായികമായി വൻ പുരോഗതി കൈവരിച്ചു. ജനങ്ങളുടെ പുരോഗതിയുടെ ഏതു അളവ് കോൽ എടുത്താലും, ഈ രാജ്യം ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഒന്നായിരിക്കും. ലോകത്തിലെ അഴിമതി രഹിത രാജ്യങ്ങളിൽ ഒന്നാം സ്ഥാനമാണ് ഫിൻലൻഡ്‌. ശിശുമരണ നിരക്ക്‌ ഏറ്റവും കുറവുള്ള ഈ രാജ്യം ഇന്ന് ലോകരാജ്യങ്ങളിൽ ഏറ്റവും നല്ല ജീവിത നിലവാരവും, ഏറ്റവും മികച്ച വിദ്യാഭ്യാസവും, ചികിത്സയും, പെൻഷനും പൗരന്മാർക്ക് നൽകുന്ന രാജ്യമാണ്. മാത്രവുമല്ല തൊഴിൽ ഇല്ലാത്തവർക്ക് മാസംതോറും 587 ഡോളർ കൊടുക്കുന്ന പദ്ധതിയും ഗവണ്മെന്റ് അടുത്തിടെ തുടങ്ങി. രാജ്യം മുഴുവൻ വെള്ള മനുഷ്യരാണ്. ഇവരെ കാണാൻ അതിലേറെ ഭംഗിയും. എന്നാലും കറുത്ത വർഗക്കാരോടോ ഇന്ത്യക്കാരോടോ ഏതെങ്കിലുമൊരു മത വിഭാഗത്തിൽപെട്ട ആളുകളോടോ ഇവർക്ക് യാതൊരു വേർതിരിവുമില്ല. 

ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിൻലാന്റിനെ അറിയുന്നത് നോക്കിയയുടെ ജന്മ സ്ഥലമായിട്ടാണ്. ഏത്‌ ഫോൺ കണ്ടാലും 'മേഡ്‌ ഇൻ ഫിൻലാന്റ്‌ ' ആണോന്ന് ചോദിക്കുന്ന കാലമുണ്ടായിരുന്നു. പിന്നീട് മൈക്രോസോഫ്റ്റും, എച്ച്എംഡി ഗ്ലോബലും ഇവരെ ഏറ്റെടുത്തതൊക്കെ ചരിത്രം. ഇന്ന് ഐ.ടി രംഗത്തു വൻ കുതിച്ചുചാട്ടം നടത്തുന്ന ഫിൻലന്റ്, കാൻഡി ക്രഷ്, ആംഗ്രി ബേർഡ്സ് തുടങ്ങി പല ഗെയിമുകൾ നിർമ്മിച്ചതിലും പ്രസിദ്ധമാണ്. മിക്കയിടത്തും ഫ്രീയായി വൈഫൈ ഉണ്ടിവിടെ. ഇന്റർനെറ്റ് പ്ലാനുകളും വളരെ ചെലവ് ചുരുങ്ങിയതാണ്.

ഫിൻലാൻഡ്‌ സാന്താക്ലോസ്സിന്റെ രാജ്യം എന്ന് കൂടി അറിയപ്പെടുന്നു. രാജ്യത്തെ വടക്കൻ പ്രദേശമായ ലാപ്‌ലാന്റിലാണ്‌ (Lapland) ക്രിസ്മസ്‌ അപ്പൂപ്പൻ ജീവിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. സാന്താക്ലോസ്സിന്റെ ഫിൻലാന്റിലെ വിലാസത്തിലേക്ക്‌ 192 രാജ്യങ്ങളിൽ നിന്നായി 7 ലക്ഷത്തിലധികം കുട്ടികളുടെ ആശംസ കാർഡുകളാണ്‌ ഓരോ ക്രിസ്‌മസ്‌ കാലത്തും ലഭിക്കാറുള്ളത്‌. ഇവിടെ ഇവാൻജെലിക്കൽ ലൂഥറൻ ക്രിസ്ത്യൻ വിശ്വാസികളാണ് ഭൂരിപക്ഷം, ഓർത്തഡോക്സുകാരാണ് പിന്നെ കൂടുതൽ ഉള്ളത്. മത വിശ്വാസം ഇല്ലാത്ത കുറേ പേരും ഇവിടെയുണ്ട്. ഫിന്നുകൾ ഫിന്നിഷ് ഭാഷയിൽ രാജ്യത്തെ വിളിക്കുന്നത് 'സുവോമി' എന്നാണ്. ഫിൻലാന്റിൽ കാണുന്ന മറ്റൊരു പ്രതിഭാസമാണ് northern lights അഥവാ 'ഓരോര'. രാത്രി ആകാശത് പച്ചയും ചുമപ്പും നിറം അലയടിക്കും. ഇത് ലാപ്‌ ലാന്റിൽ പോയാൽ നന്നായി കാണാം. അതി മനോഹരമാണ് ഈ കാഴ്ച

ഫിൻലാൻഡിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ഹെൽസിങ്കി ബാൽട്ടിക് സമുദ്രത്തിന്റെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സത്യസന്ധന്മാരുടെ നഗരമായിട്ടാണ് ഹെൽസിങ്കി അറിയപ്പെടുന്നത്. അതിമനോഹരമായ വൃത്തിയുള്ള പട്ടണമായ ഹെൽസിങ്കി വളരെ നിശ്ശബ്ദമാണ്. പുഴയും കടലുമൊക്കെ വളരെ ശുദ്ധം. വണ്ടികളിൽ ഹോണുകൾ ആരും തന്നെ ഇവിടെ ഉപയോഗിക്കാറില്ല. പൊതു ഗതാഗത സൗകര്യങ്ങളിൽ കൂടുതൽ പേരും ആശ്രയിക്കുന്ന ഇവിടെ പ്രധാന ഗതാഗത മാർഗങ്ങൾ ട്രാം, മെട്രോ, ബസ്, സൈക്കിൾ, ട്രെയിൻ, ക്രൂയിസ് കപ്പലുകൾ, ബോട്ടുകൾ എന്നിവയാണ്. 

സ്കാൻഡിനേവിയൻ രാജ്യമായതിനാൽ തണുപ്പ് അസഹനീയമാണ് ഫിൻലാൻഡിൽ. ശീത കാലത്തു -20 ഡിഗ്രി വരെയും, വേനൽ കാലത്തു +21 ഡിഗ്രി വരെയുമാണ് പൊതുവെയുള്ള താപനില. എന്നാലും പൊതു കാലാവസ്ഥ 0-10 ഡിഗ്രി വരെയെന്നു പറയാം. വേനൽ കാലത്തെ 3-4 മാസങ്ങളിൽ ഇരുട്ട് ഇല്ലാതെ 24 മണിക്കൂറും സൂര്യന്റെ സാന്നിധ്യമാണ്. ഇരുട്ട് ഇല്ല, മുഴുവൻ സമയവും നാടെങ്ങും വെളിച്ചം! പക്ഷെ ഗ്രീഷ്മം കഴിഞ്ഞു ശിശിരത്തിൽ എത്തുമ്പോൾ നേരെ വിപരീതമാകും സ്ഥിതി. അപ്പോൾ പോളാർ നൈറ്റ് ആണ്. ദിവസങ്ങൾക്ക് സൂര്യന്റെയും പകലിന്റെയും സാന്നിധ്യമേയില്ല. 2 -3 മാസത്തേക്ക് സൂര്യൻ ഉദിക്കില്ല! കുറെ മാസങ്ങൾ ഇരുട്ടായതിനാൽ ഇവിടെ ആളുകൾക്കിടയിൽ Depression & Shyness കൂടുതൽ ഉണ്ടെന്നു പറയപ്പെടുന്നു. എല്ലാ വീട്ടിലും ഹീറ്റർ ഉണ്ടാകും. രാജ്യത്തിൻറെ 60% ചെലവു കറണ്ട് ആണ്, എല്ലായിടത്തും സ്ട്രീറ്റ് ലൈറ്റ് വേണം, എല്ലാ വീട്ടിലും ഹീറ്റിങ്ങ് നിർബന്ധമാണ്. ജനങ്ങളെ സന്തോഷിപ്പിക്കുവാൻ ഗവണ്മെന്റ് എല്ലാം ചെയ്യും. 

ഈ രാജ്യം അറിയപ്പെടുന്നത് തന്നെ 'ആയിരം തടാകങ്ങളുടെ നാട് ' എന്നാണ്. കാരണം ഏകദേശം 2 ലക്ഷത്തിനടുത്ത് ചെറു തടാകങ്ങൾ ഈ രാജ്യത്തുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. കരഭൂമിയുടെ 10 ശതമാനത്തോളം വരും ഇത്. കൂടുതലും ശുദ്ധ ജലവുമാണ്. ടാപ്പ് വാട്ടർ തന്നെയാണ് എല്ലാരും കുടിക്കാൻ ഉപയോഗിക്കുന്നത്. ബാക്കി ഭൂമിയുടെ 70 ശതമാനവും കാടുകളാണ്, ഫിൻലൻഡ്‌ മുഴുവനും സമതല ഭൂമിയാണ്. ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്ന്, മരുന്നിനെടുക്കാൻ പോലും ഈ രാജ്യത്തില്ല. വനങ്ങൾ നിറഞ്ഞ ഫിൻലാന്റിലെ പ്രധാന വ്യവസായവും തടിയും മര സംബന്ധമായ മറ്റു മേഖലകളുമാണ്. ലോകത്തെ മികച്ച കടലാസ്‌ നിർമ്മാണ ഫാക്‌ടറികൾ ഉള്ളത്‌ ഇവിടെയാണ്. Sauna എന്നാ ഒരു കുളി ശീലം ഇവർക്കുണ്ട്. സ്റ്റീം ബാത്ത് പോലെ ആണ്. വിയർത്തു കുളിച്ചിട്ടു തണുത്ത വെള്ളത്തിൽ ഒരു കുളി. രാജ്യത്തെ ജനസംഖ്യയോളം തന്നെ Sauna കേന്ദ്രങ്ങളുള്ള ഇവിടത്തെ ജനങ്ങൾക്ക്‌ സോന പോലെ തന്നെ ഇഷ്ടമാണ് ഐസ്‌ വെള്ളത്തിലുള്ള നീന്തലും. പച്ചപ്പും മൊട്ടക്കുന്ന് പോലെ ഉള്ള പുൽ മൈതാനങ്ങളുമാണ് ഈ രാജ്യമൊട്ടാകെ. മരങ്ങളെയും പ്രകൃതിയെയും ഇവർ ജീവന് തുല്യം സ്നേഹിക്കുന്നുമുണ്ട്.

മുൻപ് ഫിൻലൻഡിൽ ശിശുമരണ നിരക്ക് വളരെ കൂടുതലായിരുന്നു. ഇത് മറികിടക്കാൻ ഗവണ്മെന്റ് ഒരു പദ്ധ്വതി തുടങ്ങി. ഗർഭിണികൾ ആയ സ്ത്രീകൾക്ക് കുട്ടി ഉണ്ടാകുന്നതിന് മുൻപ് ഒരു കുട്ടിക്ക് ആദ്യത്തെ മാസങ്ങളിൽ ആവശ്യമായ വസ്തുക്കൾ ഒക്കെ, കുഞ്ഞുടുപ്പും, ഭകഷണങ്ങളും നാപ്പിയും, ചെറിയ പുതപ്പും ഒക്കെ, ഒരു ചെറിയ പെട്ടിയിൽ ആക്കി സർക്കാരിന്റെ വക സമ്മാനമായി കൊടുക്കും. ഫിൻലാൻഡിൽ അമ്മയാകാൻ പോകുന്ന ഓരോ സ്ത്രീക്കും, അവർ നാട്ടുകാരി ആണെങ്കിലും വന്നു താമസിക്കുന്നതാണെങ്കിലും, സർക്കാരിന്റെ പെട്ടി സമ്മാനം ഇപ്പോഴും കൊടുക്കുന്നുണ്ട്. എത്ര സമ്പന്നർ ആണെങ്കിലും ഫിൻലാൻഡുകാർ ഈ പെട്ടി പോയി മേടിക്കും. അതൊരു വലിയ ചടങ്ങായി ഇവർ കൊണ്ടാടും. ഈ പദ്ധതി നന്നായി ഫലിച്ചു. അമ്മമാർക്ക് പരിചരണം കിട്ടി, ശിശുമരണ നിരക്ക് കുറഞ്ഞു, അതോടെ ഓരോ കുടുംബത്തിലെ കുട്ടികളുടെ എണ്ണവും, ഉള്ള കുട്ടികൾക്ക് സൗജന്യമായ വിദ്യാഭ്യാസവും നൽകിയതോടെ ഫിൻലാൻഡ് വികസനത്തിന്റെ പാതയിലേക്ക് കയറി. ഇപ്പോൾ ലോകത്തെ ഏറ്റവും നല്ല മറ്റേർണിറ്റി ആനുകൂല്യങ്ങൾ കിട്ടുന്നത് ഒരു രാജ്യമാണ് ഫിൻലാൻഡ്. അമ്മക്ക് നാല് മാസവും അച്ഛന് രണ്ടു മാസവും അവധി ഉണ്ട്, പ്രേത്യേക അലവൻസും ബോണസും കിട്ടും. ഇന്ന് ഫിൻലാൻഡ് വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്താണ്. പത്താം ക്‌ളാസ് വരെ കുട്ടികൾക്ക് പരീക്ഷ പോലുമില്ല ! എന്നാലാവട്ടെ ലോകത്തെ ഏറ്റവും നല്ല വിദ്യാഭ്യാസവും, നല്ല സ്കൂളുകൾക്കുള്ള അവാർഡിലും വർഷങ്ങളായി ഇവർ ഒന്നാം സ്ഥാനം നിലനിർത്തുന്നു. 

യൂറോപ്പിൽ തന്നെ ജനസാന്ദ്രത ഏറ്റവും കുറവ് ഉള്ള ഒരു രാജ്യമായ ഫിൻലാൻഡ്  വിസ ഉള്ള ഏത് നാട്ടുകാർക്കും യൂറോപ്പ് മുഴുവൻ കറങ്ങാനാകും. ഫിൻലാൻഡ് പാസ്പോർട്ട് ലോകത്തെ ഏറ്റവും ശക്തമായ 5 പാസ്പോർട്ടുകളിൽ ഒന്നാണ്. അതുണ്ടങ്കിൽ ലോകത്തെ 175 രാജ്യങ്ങളിൽ വിസയില്ലാണ്ട് യാത്ര ചെയ്യാനാകും. എന്നാൽ ഇവിടെ കുടിയേറുക എളുപ്പമല്ല. വിസ കിട്ടാനും ഫിന്നിഷ് ഭാഷ അറിയാതെ ജോലി കിട്ടാനും വളരെ പ്രയാസമാണ്. ജീവിതചെലവും വളരെ കൂടുതലാണ്, ഒരാൾക്ക് ഒരു മാസം താമസവും ഭക്ഷണവും യാത്രയുമായെല്ലാം കുറഞ്ഞ ചിലവിൽ ജീവിക്കാൻ തന്നെ വേണ്ടി വരും ഏകദേശം 50,000 രൂപ. ഫിന്നിഷ് ഭാഷ മലയാളത്തെക്കാലും പാടാണ്. ലോകത്തിലെ ചെലവേറിയ രാജ്യങ്ങളിൽ ഒന്നാണിത്. Taxationലും മുന്നില് ആണ്. ഏകദേശം 25-35% Tax ! എന്നാൽ ഇവിടെ എല്ലാവർക്കും ശമ്പളം നല്ല രീതിയിൽ ലഭിക്കാറുമുണ്ട്. 6000 നു അടുത്ത് ഇന്ത്യക്കാർ ഇവിടെ ഉണ്ട്. അതിൽ 250 നു മേലെ മലയാളികളും. നോക്കിയ, മൈക്രോസോഫ്റ്റ്, TCS , ടെക്‌ മഹീന്ദ്ര പോലുള്ള സ്ഥാപനങ്ങളിലാണ് ഇവർ കൂടുതൽ പേരും ജോലി ചെയ്യുന്നത്. മലയാളികൾ ഇവിടത്തെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു ഉന്നത നിലയിൽ എത്തിയവർ വരെ ഉണ്ട്. മലയാളി - ഇന്ത്യൻ കൂട്ടായ്മകളും ഹോട്ടലുകളും സജീവമാണ്. ഫിൻലന്റിൽ നിന്ന് ഡൽഹി, ഗോവ എന്നിവിടങ്ങളിലോട്ടു ഡയറക്റ്റ് ഫ്ലൈറ്റും, ഗൾഫ് അല്ലെങ്കിൽ റഷ്യ വഴി ഇൻ ഡയറക്റ്റ് ഫ്ലൈറ്റുകളും ലഭ്യമാണ്. 10 മണിക്കൂറാണ് പൊതുവെ ഇന്ത്യയിലോട്ടുള്ള സഞ്ചാര സമയം.

ഒട്ടു മിക്ക നല്ല റാങ്കിങ്ങിലും ആദ്യത്തെ 10ൽ ഉണ്ട് ഈ രാജ്യം. പ്രത്യേകിച്ച് വിദ്യാഭ്യാസം, happiness index, human capital, ആയുർദൈർഘ്യം എന്നിവയിൽ ഒക്കെ ലോകത്തിന്റെ മുൻപന്തിയിൽ ആണ് ഇവർ. ആളുകൾ മിക്കവരും സത്യം മാത്രമേ പറയൂ ഇവിടെ, അത് വളരെ വിചിത്രം ആയിട്ടു തോന്നാം. എന്താണേലും ഉള്ളത്, ഉള്ളത് പോലെ മുഖത്ത് നോക്കി പറയുകയും ചെയ്യും. മിക്കവരും ഇവിടെ മദ്യപിക്കുകയും,പുക വലിക്കുന്നവരുമാണ്. ഈ തണുപ്പിൽ അല്ലെങ്കിൽ രക്ഷ ഇല്ല എന്നാണ് പ്രായമായ അമ്മച്ചിമാർ വരെ പറയുന്നത് ! ഭക്ഷണം സീരിയസ് ആയിട്ടു കഴിക്കുന്നവരാണ് ഇവർ, എന്ന് വെച്ചാൽ ടേസ്റ്റ്നോ വയറു നിറയ്‌ക്കാനോ ആല്ല. പകരം healthy ഫുഡ്‌ മാത്രം. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ കോഫി പ്രിയരുള്ള ഫിൻലാന്റുകാർ ഒരു ദിവസം 6 കപ്പ്‌ കോഫിയെങ്കിലും കുടിക്കും. ഏറ്റവും മികച്ച പിസ്സ കിട്ടുന്ന നഗരം എന്ന നിലയിലും തലസ്ഥാന നഗരമായ ഹെൽസിങ്കി പ്രശസ്തമാണ്‌. ഓരോ സാധനം മേടിക്കാൻ പോക്കെറ്റ് കീറുമെങ്കിലും, മൽസ്യ - മാംസങ്ങളും, പച്ചക്കറിയും പഴങ്ങളും ഭക്ഷണ പദാർത്ഥങ്ങളും തുടങ്ങി എല്ലാം ഫ്രഷ് ആണ്. Social Security ഉള്ള രാജ്യം ആണ്, അത് കൊണ്ട് Tax അടച്ചാൽ നിങ്ങളുടെ എല്ലാ നല്ല കാര്യങ്ങൾക്കും സർക്കാർ പിന്തുണ ഉണ്ടാകും. ഫിൻലാന്റിൽ ട്രാഫിക്ക്‌ ഫൈൻ ഈടാക്കുന്നതിന്റെ അടിസ്ഥാനം തെറ്റ്‌ ചെയ്തവരുടെ വരുമാനവും ചെയ്‌ത തെറ്റിന്റെ കാഠിന്യവും നോക്കിയാണ്‌. അത്‌ കൊണ്ട്‌ തന്നെ റോഡ്‌ നിയമങ്ങൾ ആരും തെറ്റിക്കാറില്ല. നമ്മൾ റോഡിൻറെ സൈഡിൽ നിൽകുവാണെങ്കിൽ നമ്മൾ റോഡ് കടക്കുവോളും വണ്ടികൾ കാത്തുനിൽക്കും. പ്രകൃതിയെ ഇവർ വളരെ വില മതിക്കുന്നുണ്ട്. തലസ്ഥാന നഗരത്തിൽ വരെ 200 മീറ്ററിൽ ഒരു പാർക്ക്‌ കാണും. ദേശീയ പാർക്കുകളും കാടുകളും എല്ലായിടത്തും ഉണ്ട്. എല്ലാ മൃഗങ്ങൾക്കും മനുഷ്യന്റെ തന്നെ വില ഉണ്ട്. പട്ടി ഇവരുടെ ജീവനാണ്. പലതരം പട്ടികൾ. അതിനെ പരിപാലിക്കുന്നത് കണ്ടാൽ നമ്മൾ ഞെട്ടും. പട്ടിക്ക് വേണ്ടിയുള്ള സാധനങ്ങള്ക്ക് ഷോപ്പിംഗ്‌ കോംപ്ലക്സ് തന്നെ ഉണ്ട്

ഫിൻലാൻഡിൽ നന്നായി ശമ്പളം കിട്ടുന്നതും ഏറ്റവും ബഹുമാനിക്കപ്പെടുന്നതും പ്രൈമറി സ്‌കൂൾ അധ്യാപകർ ആണ്. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി യും ഒക്കെ ഉള്ള അനവധി ആളുകൾ ആണ് സ്‌കൂളിൽ പഠിപ്പിക്കുന്നത്. കുട്ടികളെ കണക്കും സയൻസും ഒന്നും വേറെ വേറെ പഠിപ്പിക്കാതെ ഓരോ പ്രശ്നങ്ങളെ പറ്റി പഠിപ്പിക്കുകയും അപ്പോൾ അതിനു ചേർന്ന കണക്കോ സയൻസോ സാമൂഹ്യപാഠമോ ഒക്കെ പഠിപ്പിക്കുകയും ചെയ്യുന്ന പുതിയ രീതി ഇവർ ഇപ്പോൾ പരീക്ഷിക്കുകയാണ്. ഇംഗ്ലീഷിൽ കൂട്ടെഴുത്തൊക്കെ നിർത്തി ആ സമയം കമ്പ്യൂട്ടറിൽ ടൈപ്പിംഗ് ആണ് അവർ പഠിപ്പിക്കുന്നത്. മാനവശേഷി വികസനം ആണ് ഫിൻലാൻഡിന്റെ വികസനത്തിന്റെ ആണിക്കല്ല്. അതിനു വേണ്ടി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവകരമായ മാറ്റങ്ങൾ അവർ പരീക്ഷിക്കുന്നു. ഇതിനൊക്കെ നേതൃത്വം നൽകുന്നത് ചെറുപ്പക്കാരായ മന്ത്രിമാരാണ്. അധ്യാപകർ ആണ് ഫിൻലാൻഡിന്റെ വിജയത്തിന്റെ രഹസ്യം, ഫിൻലാന്റിലെ പുതിയ തലമുറ നല്ല അധ്യാപകർ ആകുന്നതാണ് സ്വപ്നം കാണുന്നത്.

Post a Comment

Before post Ad



 

Facebook

whatsapp group join banner