ആറുവരി പാതകളില്‍ സുരക്ഷിതമായ ഡ്രൈവിങ് എങ്ങനെ?

ആറുവരി പാതകളില്‍ സുരക്ഷിതമായ ഡ്രൈവിങ് എങ്ങനെ?

 


രണ്ട് ദിശയിലായി മൂന്നുവീതം ലൈനുകളുള്ള ആറുവരിപ്പാത മലയാളികള്‍ക്ക് പുതുമയാണ്. രണ്ടുവരിപ്പാതയിലെ ട്രാഫിക് ക്രമം പോലും ശരിയായി പാലിക്കാന്‍ മടിയുള്ളവരുടെ നാടാണ് നമ്മുടേത്. ഇത്തരരത്തിലൊരു സ്ഥലത്തേക്ക് ആറുവരിപ്പാത വന്നാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജോലികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെല്ലാം പാത തുറന്നുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ അപകടങ്ങള്‍ പെരുകുന്നതായാണ് റിപ്പോര്‍ട്ട്. മിക്കതും ആറുവരിപ്പാതയിലെ ട്രാഫിക് സംവിധാനത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് സംഭവിക്കുന്നത്. 

ഒന്നാമതായി നാം ഓര്‍ക്കേണ്ടത് സാധാരണ ദേശീയപാതയിലേതു പോലെയല്ല ആറുവരിപ്പാതയിലെ ട്രാഫിക് എന്നതാണ്. കോണ്‍ഫ്‌ലിക്ടുകളുടെ (കൂട്ടിമുട്ടലുകളുടെ) സാധ്യത ഇവിടങ്ങളില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് റോഡില്‍ റൈറ്റ് ഇന്‍, റൈറ്റ് ഔട്ട്, ലെഫ്റ്റ് ഇന്‍ എന്നീ മൂന്ന് സാധ്യതകളുള്ള ഭാഗത്തെത്തിയാല്‍ ഇവിടെ 7 കോണ്‍ഫ്‌ലിക്ട് സാധ്യതയാണ് ഉള്ളത്. അതായത് ഒരേ ദിശയിലേക്ക് പോകുന്ന പാതയിലേക്ക് കയറാനും ഇറങ്ങാനും ശ്രമിക്കുന്നവര്‍ തമ്മില്‍ റോഡില്‍ ഉണ്ടാക്കാനിടയുള്ള സ്വാഭാവിക കൂട്ടിമുട്ടല്‍ സാധ്യതകള്‍ രണ്ടാണ്. എതിര്‍ദിശയിലേക്ക് പോകുന്ന പാതയില്‍നിന്ന് ഇപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ അഞ്ച് കൂട്ടിമുട്ടല്‍ സാധ്യതകളുണ്ട്. ആ ദിശയില്‍നിന്ന് ഇപ്പുറത്തേക്ക് കടക്കുമ്പോള്‍ പിന്നിലുള്ള വാഹനത്തില്‍നിന്ന് കൂട്ടിമുട്ടലുണ്ടാകാം. ഇപ്പറത്തെ ദിശയിലേക്ക് കടന്നാല്‍ മൂന്ന് ലൈനിലൂടെയും കടക്കുമ്പോള്‍ നാല് കോണ്‍ഫ്‌ലിക്ട് സാധ്യകളാണുള്ളത്. ഇതെല്ലാം മുന്നില്‍കണ്ടാണ് ട്രാഫിക് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഈ ട്രാഫിക് സംവിധാനം ശരിയായി മനസ്സിലാക്കാന്‍ റോഡുപരിചയം അത്യാവശ്യമാണ്. ഇതിനുള്ള സാവകാശം റോഡില്‍ ഇറങ്ങുന്നവര്‍ കാണിക്കേണ്ടതുണ്ട്.

കുണ്ടുകുഴികളില്ലാത്തതും ശാസ്ത്രീയമായി നിര്‍മിച്ചതുമായ ഈ പാതയിലൂടെ അതിവേഗത്തിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുക. സര്‍വീസ് റോഡുകളില്‍നിന്നും ജങ്ഷനുകളിലുംനിന്നുമെല്ലാം അതീവശ്രദ്ധയോടെ മിററുകളില്‍ ശ്രദ്ധവച്ച് ആദ്യ ലൈനിലേക്ക് കയറണം. നേരിട്ട് ഇഷ്ടമുള്ള ലൈനിലേക്ക് കയറാന്‍ ശ്രമിക്കരുത്. ലൈലന്‍ മാറുമ്പോള്‍ ഏറെ ശ്രദ്ധ വേണം. ഹൈവേയിലേക്ക് കയറിയ ഉടന്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതുപോലുള്ള പരിപാടികള്‍ക്ക് നില്‍ക്കരുത്. അല്‍പ്പനേരം ഹൈവേയുമായി മനസ്സ് ചേര്‍ന്നശേഷംമാത്രം മതി അതെല്ലാം. 


ഏത് ലൈനില്‍ കയറണം?

ആറുവരിപ്പാതയില്‍ ലൈന്‍ അച്ചടക്കം ഏറെ പ്രധാനമാണ്. ആദ്യത്തെ ലേന്‍ പതിയെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാറ്റിവച്ചതാണ്. ടൂവീലറുകള്‍ ഉപയോഗിക്കേണ്ടതും ഈ ലൈനാണ്. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന വാഹനങ്ങള്‍ക്കുള്ളതാണ് രണ്ടാമത്തെ ലൈന്‍. ദീര്‍ഘയാത്ര പോകുന്നവര്‍ ഈ ലൈനിലേക്ക് കയറുന്നതാണ് ഉത്തമം.

മൂന്നാമത്തെ ലൈന്‍ അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കുള്ളതാണ്. ബസ്സുകളും ട്രക്കുകളുമെല്ലാം ഈ ലൈനാണ് തിരഞ്ഞെടുക്കുക. മണിക്കൂറില്‍ 100 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ ലൈന്‍ ഉപയോഗിക്കാം. രണ്ടാമത്തെ ലൈനിലുള്ളവര്‍ക്ക് ഓവര്‍ടേക്കിങിന് ഈ ലൈനിലേക്ക് കയറാം. കയറിയാല്‍ സുരക്ഷിതമായി തിരിച്ച് സ്വന്തം ലേനിലേക്ക് കയറി യാത്ര തുടരണം. മിററുകള്‍ ശരിയായി ഉപയോഗിച്ച് വേണം ഓവര്‍ടേക്കിങ് നടത്താന്‍.

ഏത് ലൈനാണ് സുരക്ഷിതം?

ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. മധ്യത്തിലുള്ള ലൈനാണ് സുരക്ഷിതമെന്നു പറയുന്നവരുണ്ട്. കാരണം, പുറത്തെ റോഡുകളില്‍നിന്ന് പെട്ടെന്ന് കയറിവരുന്നവരുണ്ടാക്കുന്ന അപകടങ്ങളില്ല. പുറത്തേക്ക് ഇറങ്ങുന്നവര്‍ പെട്ടെന്ന് സ്ലോ ചെയ്യുമ്പോഴും ഇന്‍ഡിക്കേറ്ററുപയോഗിക്കാതെ ടേണ്‍ ചെയ്യുമ്പോഴുമെല്ലാം ഉണ്ടാക്കുന്ന അപകടങ്ങളുമില്ല. എന്നാല്‍, ഓരോ ഡ്രൈവര്‍ക്കും ഓരോതരം സ്‌കില്ലുകളാണ്. ഓരോരുത്തര്‍ക്കും ഓരോ ലൈനുകളായിരിക്കും ഇഷ്ടം. ഇതില്‍ പൊതുനിയമങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് മുമ്പോട്ടുപോയാല്‍ സുരക്ഷിതമായ ഡ്രൈവിങ് ആയിരിക്കും.

അകത്തേക്ക് കയറിയ അതേ ജാഗ്രതയോടെ വേണം ആറുവരിപ്പാതയില്‍നിന്ന് പുറത്തിറങ്ങാനും. പാതയില്‍നിന്ന് പുറത്തിറങ്ങേണ്ട സ്ഥലത്തെത്തുമ്പോള്‍ നേരെ ലൈന്‍ മാറുന്ന രീതി അപകടകരമാണ്. നേരത്തേതന്നെ ഒന്നാമത്തെ ലൈനിലേക്ക് മാറണം. ടേണ്‍ ഇന്‍ഡികേറ്ററുകള്‍ കൃത്യമായി കാണിച്ച് മെല്ലെ പുറത്തിറങ്ങുക.


Post a Comment

Before post Ad



 

Facebook

whatsapp group join banner