സംഘടിത സ്ത്രീമുന്നേറ്റത്തിന് കേരളം ലോകത്തിനു നല്‍കിയ മഹത്തായ മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 26 വയസ്സ് തികയുന്നു. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീയില്‍ ഇപ്പോള്‍ മൂന്നു ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം അംഗങ്ങളുണ്ട്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടല്‍ശേഷി ശക്തിപ്പെടുത്തി അതുവഴി അവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്ന കൂട്ടായ്മയാണ് കുടുംബശ്രീ.
കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകളുമായി വലിയൊരു ചാലകശക്തിയായി കുടുംബശ്രീ മാറിക്കഴിഞ്ഞു. പ്രാദേശിക തലത്തില്‍ സ്ത്രീകളുടെ സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ടു തുടങ്ങിയ കുടുംബശ്രീ പ്രസ്ഥാനം നിയമസഹായവും കൗണ്‍സലിങും വായ്പാ സംവിധാനവും സാംസ്‌കാരിക പ്രവര്‍ത്തനവുമെല്ലാമായി വിവിധ തുറകളില്‍ ഇടപെട്ടുവരുന്നു. നാട് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും നേരിട്ട കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും മുന്നില്‍നിന്നവരാണ് കുടുംബശ്രീ അംഗങ്ങള്‍. മിതമായ വിലയില്‍ ഭക്ഷണം നല്‍കുന്ന ജനകീയ ഹോട്ടലുകള്‍, മാലിന്യമുക്ത കേരളം യാഥാര്‍ഥ്യമാക്കാന്‍ വീടുകളിലെത്തി വേര്‍തിരിച്ച മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിതകര്‍മസേന തുടങ്ങിയവ പ്രശംസ ഏറ്റുവാങ്ങി മുന്നോട്ടുപോവുകയാണ്.
കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ വലിയൊരു ദൃഷ്ടാന്തമാണ് കുടുംബശ്രീ പ്രസ്ഥാനം. സ്ത്രീശാക്തീകരണത്തിനായുള്ള പ്രാഥമിക ഇടപെടലുകളിലൊതുക്കാതെ അവരുടെ സാമൂഹികമായ ക്രയവിക്രയശേഷിയും സംഘടിത പ്രസ്ഥാനങ്ങള്‍ നയിക്കാനുള്ള നേതൃപാടവത്തെയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വലിയ മുന്നേറ്റമായി കുടുംബശ്രീ മാറി. 46.16 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2.65 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍, 19,773 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 1072 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകള്‍, പുറമെ ബാങ്ക് ലിങ്കേജ് വഴി പരസ്പര ജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ, 27,274 വ്യക്തിഗത സംരംഭകര്‍, 13,316 കൂട്ടുസംരംഭകര്‍, 2,25,600 വനിതാ കര്‍ഷകരുള്‍പ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകള്‍, 54,000 ബാലസഭകള്‍, 74 ഐറ്റി യൂണിറ്റുകള്‍, മൂന്ന് കണ്‍സോര്‍ഷ്യങ്ങള്‍, പരിശീലനത്തിനായി 21 ട്രെയിനിങ് ഗ്രൂപ്പുകള്‍ ഇങ്ങനെ കുടുബശ്രീ മുന്നേറുകയാണ്.





Post a Comment