കാല്‍വരി മൗണ്ട്: കാഴ്ചകളുടെ പറുദീസ

കാല്‍വരി മൗണ്ട്: കാഴ്ചകളുടെ പറുദീസ

 


        കുന്നുകളും തണുത്ത കാറ്റും പക്ഷികളുടെ കളകൂജനവുമുള്ള സമാധാനപരമായ ഒരു സായാഹ്നം നിങ്ങള്‍ കൊതിക്കുന്നുണ്ടോ? ശരി, നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ കാല്‍വരി മൗണ്ടിലേക്ക് വരൂ. വിനോദസഞ്ചാര കേന്ദ്രമായ കാല്‍വരി മൗണ്ട്, നയനമനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കും. കുറവന്‍- കുറത്തി കുന്നുകള്‍, ഇടുക്കി ആര്‍ച്ച് ഡാം, ചക്രവാളപ്പരപ്പോളം പരന്നുകിടക്കുന്ന മഞ്ഞിന്റെ വില്ലീസ്, ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണി, മെല്ലെ തഴുകുന്ന കാറ്റ് കാഴ്ചയുടെ മേളനമാണിവിടം. അനവധി വിനോദസഞ്ചാരികളുടെ ഹൃദയം കവര്‍ന്ന ഇവിടത്തെ വ്യൂപോയിന്റ് കല്യാണത്തണ്ട് വ്യൂ പോയിന്റ് എന്നാണ് അറിയപ്പെടുന്നത്. ഇടുക്കി അണക്കെട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് സമീപ പ്രദേശമായ കാല്‍വരി മൗണ്ട് ശ്രദ്ധ നേടിയത്. വിനോദസഞ്ചാരികളുടെ ഒഴുക്കും സുഖകരമായ കാലാവസ്ഥയും പ്രകൃതിദൃശ്യങ്ങളും അതിനെ ഒരു അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി.

സാഹസികവും സമാധാനപരവുമായ ഒരു ട്രക്കിങ് ആസ്വദിക്കാന്‍ മലമുകളിലേക്ക് കയറണം. റോഡ് കുത്തനെയുള്ളതും ശക്തമായ കാറ്റ് നിങ്ങളെ വീഴ്ത്തിയേക്കാവുന്നതുമായതിനാല്‍ കൂട്ടംകൂടി കൈകോര്‍ത്തു നടക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. ഒറ്റപ്പെട്ട ഈ പ്രദേശം അവധിദിവസങ്ങളില്‍ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായി മാറും. വ്യൂപോയിന്റിലേക്കുള്ള പാത തേയിലത്തോട്ടങ്ങളാലും ഡാമിന്റെ ബേസ് ഏരിയ, ഹില്‍ വ്യൂ പാര്‍ക്ക് തുടങ്ങിയ മറ്റ് ആകര്‍ഷണങ്ങളാലും ഹൃദ്യമാണ്. 


        നമ്മുടെ കണ്ണില്‍ ആദ്യം നിറയുന്നത് കുറവന്‍, കുറത്തി മലകള്‍. പാണ്ഡവരുടെ വനവാസ കാലത്ത് ഇതുവഴി വന്നുവെന്നും പാഞ്ചാലി കുളിക്കുന്നതുനോക്കി കുറവനും കുറത്തിയും ചിരിച്ചുവെന്നും അതുകണ്ട് നിങ്ങള്‍ ഇരുവരും പാറയായിപ്പോകട്ടെയെന്ന് ശപിച്ചുവെന്നുമാണ് ഐതീഹ്യം. ശാപമോക്ഷത്തിനായി യാചിച്ച കുറവദമ്പതികളോട് കലിയുഗത്തില്‍ ആധുനിക മനുഷ്യര്‍ നിങ്ങളെ വീണ്ടും ഒന്നിപ്പിക്കുമെന്ന് ഉറപ്പും നല്‍കിയത്രെ. കുറവന്‍- കുറത്തി മലകളെ തമ്മില്‍ കൂട്ടിയിണക്കിയാണ് ഇടുക്കി ആര്‍ച്ച് ഡാം നിലകൊള്ളുന്നത്. രണ്ട് തലയിണകള്‍ക്കിടയില്‍ ഒരു കുഞ്ഞ് ഉറങ്ങുന്നതുപോലെയാണ് അണക്കെട്ട്. ഈ പ്രദേശം പ്രകൃതിസ്‌നേഹികളുടെ പറുദീസയും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലവുമാണ്. 

നിങ്ങള്‍ക്ക് ബൈക്കുകളിലും ചെറിയ കാറുകളിലും മലമുകളിലേക്ക് പോകാന്‍ കഴിയും. എന്നാല്‍, വലിയ കാറുകള്‍ ഒന്നര കിലോമീറ്റര്‍ താഴേക്ക് പാര്‍ക്ക് ചെയ്യേണ്ടിവരും. മൂന്നാറില്‍നിന്ന് 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാല്‍വരി മൗണ്ടിലെത്താം. വാഗമണില്‍നിന്ന് ഒന്നര മണിക്കൂര്‍കൊണ്ട് 50 കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ ഇവിടെ എത്താന്‍ സാധിക്കും. തേക്കടിയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേക്ക് രണ്ട് മണിക്കൂര്‍കൊണ്ട് എത്തിച്ചേരാം. 16 കിലോമീറ്റര്‍ അകലെയുള്ള കട്ടപ്പനയാണ് കാല്‍വരി മൗണ്ടിന് ഏറ്റവും അടുത്തുള്ള നഗരം.

കാല്‍വരി മൗണ്ട് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കാല്‍വരി മൗണ്ട് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. പാറകള്‍ വഴുവഴുപ്പുള്ളതിനാല്‍ മഴക്കാലത്ത് മല കയറുന്നത് അപകടമാണ്. കടുത്ത വേനല്‍ക്കാലത്ത് കൊടുംചൂട് കയറ്റത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാല്‍വരി മൗണ്ട് സന്ദര്‍ശിക്കാതിരിക്കുന്നതാണ് നന്ന്. കാല്‍വരി മൗണ്ടില്‍നിന്ന് 106 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അവിടെനിന്ന് 5 മണിക്കൂര്‍കൊണ്ട് എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോട്ടയം ആണ്. കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്ക് 110 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെനിന്ന് ചെറുതോണി റൂട്ടില്‍ 16 കിലോമീറ്റര്‍ യാത്രചെയ്താല്‍ കാല്‍വരി മൗണ്ടിലെത്താം.

കാല്‍വരി മൗണ്ടിന് സമീപമുള്ള ഹോട്ടലുകള്‍/ റിസോര്‍ട്ടുകള്‍

കാല്‍വരിമൗണ്ട് സന്ദര്‍ശനത്തിനുശേഷം ഹൈറേഞ്ചില്‍ ഒരു ദിവസം തങ്ങണമെന്നുണ്ടെങ്കില്‍ കട്ടപ്പനയില്‍ റൂമുകള്‍ ലഭിക്കും. സിനിമ തിയേറ്ററുകളും റസ്റ്ററന്റുകളും കട്ടപ്പനയില്‍ സുലഭമാണ്. രാത്രിഭക്ഷണം കഴിക്കാന്‍ ആധുനിക സൗകര്യങ്ങളുള്ള ഭോജനശാലകളും കട്ടപ്പനയിലുണ്ട്. അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കുമളിയിലും നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ട്. 

Post a Comment

Before post Ad



 

Facebook

whatsapp group join banner