പഠിത്തം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കൈനിറയെ കാശ്. കൂടെ നൈപുണി പരിശീലനവും. പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം വരെ സ്‌റ്റൈപ്പന്റ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയാണ് സാമ്പത്തികസഹായ വിവരം പ്രഖ്യാപിച്ചത്. ലഡ്ല ഭായി യോജന പ്രകാരം 12ാം ക്‌ളാസ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് 6000 രൂപയും ഡിപ്‌ളോമ വിദ്യാര്‍ഥിക്ക് 8000 രൂപയും ബിരുദം പാസായ വിദ്യാര്‍ഥികള്‍ക്ക് മാസം 10,000 രൂപയും ലഭിക്കും. സംസ്ഥാനത്ത് വിദ്യാര്‍ഥികളെ സഹായിക്കാനും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനുമാണ് ഈ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. സാമ്പത്തിക സഹായം ഒരു വര്‍ഷത്തോളം ഉണ്ടാവുമെന്നും ഇക്കാലയളവില്‍ ഇവര്‍ക്ക് അപ്രന്റീസ് പരിശീലനംവഴി അനുഭവപരിചയം ഉണ്ടാക്കാനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഇത്തരത്തില്‍ യുവജനങ്ങള്‍ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് ഷിന്‍ഡെ പറഞ്ഞു. മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹന്‍ യോജന അനുസരിച്ച് 21 മുതല്‍ 60 വയസുവരെയുള്ള സ്ത്രീകള്‍ക്കും സാമ്പത്തിക സഹായമുണ്ട്. 1500 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. പ്രതിവര്‍ഷം 46,000 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ഈ മാസം തന്നെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment