യാത്രികരുടെ വര്‍ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്ത് ജൂലൈ 15 മുതല്‍ അധിക ട്രിപ്പുകള്‍ നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അറിയിച്ചു. ഈ വര്‍ഷം കൊച്ചി മെട്രോയില്‍ 1,64,27,568 യാത്രികര്‍ ഇതിനോടകം യാത്രചെയ്തു. കഴിഞ്ഞ 10 ദിവസമായി കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്യുന്നത് ഒരു ലക്ഷത്തിലധികം പേരാണ്. ഈ കാരണത്താലാണ് കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാന്‍ ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
2024 ജൂലൈ 15 മുതലാണ് ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുക. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി നടത്തും. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ഇല്ലാതാക്കുന്നതിനും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ വര്‍ധിപ്പിക്കല്‍ ലക്ഷ്യമിടുന്നു.
രാവിലെ എട്ടുമുതല്‍ 10 മണി വരെയും വൈകീട്ട് നാലുമുതല്‍ ഏഴ് മണി വരെയുമാണ് നിലവില്‍ മെട്രോയില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യം 7.45 മിനിറ്റാണ്. പുതിയ ട്രിപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ ഈ ദൈര്‍ഘ്യം ഏഴ് മിനിറ്റായി ചുരുങ്ങും.



Post a Comment