ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് യൂറിക് ആസിഡ് എന്നത്. നമ്മുടെ ശരീരത്തില്‍നിന്ന് വേസ്റ്റ് ആയി പുറന്തള്ളപ്പെടുന്ന യൂറിക് ആസിഡ് അസാധാരണ സാഹചര്യങ്ങളില്‍ ശരീരത്തിന് പുറത്തുപോകാതെ അടിഞ്ഞുകൂടിക്കിടക്കുന്നതിനെ തുടര്‍ന്ന് യൂറേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നു. ഇതാണ് ഗൗട്ട് അഥവ് സന്ധിവാതമെന്നു വിവക്ഷിക്കുന്നത്. യൂറിക് ആസിഡിന്റെ ഉത്പാദനം കൂടുന്നതോ, അതല്ലെങ്കില്‍ വേണ്ടവിധത്തില്‍ ഇത് ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടാതിരിക്കുന്നതോ ആയ അവസ്ഥയാണിത്. ഇതോടെ സന്ധികളിലും കോശകലകളിലും യൂറേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നു. ഇതുമാത്രമല്ല മാനസിക സമ്മര്‍ദം വര്‍ധിക്കുകയും ശരീരത്തില്‍ വീക്കം ഉണ്ടാവുകയും ഹൃദയപ്രശ്നങ്ങള്‍, അമിതമായ രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. എന്തുകൊണ്ടാണ് ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൃത്യമായി നിലനിര്‍ത്തണം എന്നുപറയുന്നതെന്ന് നമുക്ക് നോക്കാം.
കോശഘടനയിലെ സുപ്രധാന തന്മാത്രകളായ ഡിഎന്‍എയുടെയും ആര്‍എന്‍എയുടെയും ഭാഗമായ പ്യൂരിന്റെ വിഘടനത്തില്‍നിന്നുണ്ടാകുന്ന അമ്ലമാണ് യൂറിക് ആസിഡ്. പുരുഷന്മാരില്‍ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഏഴിലും സ്ത്രീകളില്‍ ആറിലും കുറവായിരിക്കണം. ഇസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണിന് യൂറിക് ആസിഡിന്റെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവിനെ ത്വരിതപ്പെടുത്താനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് യൂറിക് ആസിഡ് കുറഞ്ഞുനില്‍ക്കുന്നത്.
ലുക്കീമിയ, സോറിയാസിസ് പോലെയുള്ള അമിതകോശവിഭജനം നടക്കുന്ന സാഹചര്യങ്ങള്‍, മദ്യപാനം, അമിത മാംസാഹാരം തുടങ്ങിയവയൊക്കെ യൂറിക് ആസിഡ് ഉത്പാദനം കൂട്ടാം. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍വരുന്ന തകരാറാണ് യൂറിക് ആസിഡിന്റെ വിസര്‍ജന പ്രക്രിയയെ തടസ്സപ്പെടുത്തുന്നത്. മദ്യപാനം രണ്ട് രീതിയിലും യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. മദ്യയിനങ്ങളില്‍ ബിയര്‍ ആണ് ഗൗട്ടിന് ഏറ്റവും സാധ്യതയുണ്ടാക്കുന്നത്.




Post a Comment