ജനനസമയത്ത് കുട്ടികളില് കണ്ടുവരുന്ന ഒരു ശാരീരിക വൈകല്യമാണ് ക്ലബ് ഫുട്ട് (club foot). ഒരു കുട്ടിക്ക് ക്ലബ് ഫുട്ട് രോഗം ഉണ്ടായാല് അടുത്ത ആണ്കുട്ടിക്ക് 2.5 ഉം, പെണ്കുട്ടിക്ക് 6.5 ഉം ശതമാനം സാധ്യതയുള്ളതായി സര്വേകള് കാണിക്കുന്നു. വേദനമൂലം കുട്ടികള് ഓടിക്കളിക്കാന് വിമുഖത കാണിക്കും. പിന്നെ കാഴ്ചയിലെ വൈകല്യവും. ലോകത്താകമാനം 2,80,000 ക്ലബ് ഫുട്ട് രോഗികള് ഇപ്പോള് നിരീക്ഷണത്തിലും ചികില്സയിലുമാണ്. ഇന്ത്യയിലും ക്ലബ് ഫുട്ട് ബാധിച്ചവരെ നിരീക്ഷിക്കുന്നതിനും ചികില്സിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്.
ഒരു കാലിനോ രണ്ടു കാലുകള്ക്കുമോ ക്ലബ് ഫുട്ട് കണ്ടുവരുന്നുണ്ട്. ആയിരം കുട്ടികളില് ഒന്ന് എന്ന കണക്കിന് കാണപ്പെടുന്നു. ഇത് ആണ്കുട്ടികളെന്നോ പെണ്കുട്ടികളെന്നോ വ്യത്യാസമില്ലാതെ പിടിപെടാവുന്ന രോഗമാണ്. പ്രസവസമയത്തെ പരിശോധനകൊണ്ടും സംശയം തോന്നുന്ന കേസില് അള്ട്രാ സൗണ്ട് സ്കാനിങിലും തിരിച്ചറിയാന് കഴിയും. പാദങ്ങള് മുകളിലേക്കും താഴേക്കും നല്ലവണ്ണവും വശങ്ങളിലേക്കു ചെറുതായും തിരിയുന്ന രീതിയിലാണ് സാധാരണ ഘടന. ക്ലബ് ഫുട്ട് രോഗിയുടെ കാലുകള് തിരിയുന്നതില് കാര്യമായ പിശക് കാണാം. അസ്ഥിയുടെ ഘടനാവ്യത്യാസംകൊണ്ടോ ബന്ധപ്പെട്ട ഭാഗങ്ങളിലെ മാംസപേശികളുടെ വൈകല്യംകൊണ്ടോ ക്ലബ് ഫുട്ട് അനുഭവപ്പെടാവുന്നതാണ്. സെറിബ്രല് പാള്സി, സുഷുമ്ന രോഗികള്ക്ക് മറ്റ് രോഗലക്ഷണങ്ങളോടൊപ്പം ക്ലബ് ഫുട്ട് കാണാറുണ്ട്.
ക്ലബ് ഫുട്ട് മൂന്നു തരം
ക്ലബ് ഫുട്ട് മൂന്നു തരത്തിലാണ് വിഭജിച്ചിരിക്കുന്നത്. തീരെ ചെറിയ തരം, ഇടത്തരം, സങ്കീര്ണം എന്നിങ്ങനെ. തീരെ ചെറിയ തരത്തിലാണെങ്കില് കുട്ടി നടക്കാന് ആരംഭിക്കുന്നതോടെ പ്രത്യേക ചികില്സയൊന്നും ഇല്ലാതെതന്നെ തനിയെ മാറുന്നു. രണ്ടാമത്തെ തരം പ്രത്യേകം ചികില്സയുടെ അടിസ്ഥാനത്തില് പരിഹരിക്കാന് സാധിക്കും. സങ്കീര്ണമായത് പരിഹരിക്കാന് പറ്റാത്ത ഇനമായിരിക്കും. ഞരമ്പിലും മാംസപേശികളിലും ബാധിച്ച ഇത്തരം ക്ലബ് ഫുട്ട് ശരിപ്പെടുത്തുക വിഷമകരമാണ്. പ്രസവത്തിനുമുമ്പുള്ള അള്ട്രാ സൗണ്ട് സ്കാനിങില് ഈ അവസ്ഥ കണ്ടെത്താന് കഴിയുന്നതാണ്.
നിങ്ങളുടെ കുട്ടിക്ക് ക്ലബ് ഫുട്ട് രോഗം ഉണ്ടെന്നു സംശയം തോന്നിയാല് ഉടന് ഡോക്ടറെ കണ്ട് ഉപദേശം തേടുക. പരിശോധനയും തുടര്ചികില്സകളും കേരളത്തിലെ എല്ലാ മെഡിക്കല് കോളജുകളിലും തീര്ത്തും സൗജന്യമാണ്. ഇവിടെയുള്ള ഓര്ത്തോപീഡിയാട്രി വിഭാഗവുമായി സഹകരിച്ചാണ് പ്രവര്ത്തിക്കുന്നത്. മരുന്നുള്പ്പെടെ ഫലപ്രദമായ ട്രീറ്റ്മെന്റ് ആധുനിക വൈദ്യശാസ്ത്രം വികസിപ്പിച്ച് എടുത്തിട്ടുണ്ട്. ശിശുരോഗ വിദഗ്ധന്, ഫിസിയോ തെറാപ്പിസ്റ്റ്, അസ്ഥിരോഗ വിദഗ്ധന് എന്നിവര് ചേര്ന്ന് ചികില്സ നിശ്ചയിക്കുന്നു. പ്രത്യേകം നിര്മിച്ച പാദരക്ഷ അഞ്ച്-ആറ് വയസ്സുവരെ ഉപയോഗിച്ചാല് മാറുന്നതാണ്. അത്യാവശമായി വന്നാല് ലഘുവായ ശസ്ത്രക്രിയയും വേണ്ടിവന്നേക്കാം. ഇതിന് ലോക്കല് അനസ്തീഷ്യ മതിയാവുന്നതാണ്.
ഓപറേഷന് നടത്തേണ്ടിവന്നാല് ഉടന് നടത്തുക. തക്കസമയത്തെ വിദഗ്ധ ചികില്സകൊണ്ട് 95 ശതമാനം തകരാറും പരിഹരിക്കാന് കഴിയും. 20 മുതല് 30 ശതമാനം കേസുകളില് മാത്രമേ കാര്യമായ ട്രീറ്റുമെന്റ് വേണ്ടിവരാറുള്ളു. കൃത്യസമയത്ത് ചികില്സ നടത്തിയില്ലെങ്കില് പ്രത്യേക സ്ഥലത്തെ മാംസം രക്തക്കുഴലുകള് എന്നിവയെ ബാധിച്ച സ്ഥായിയായ വൈകല്യങ്ങള് ഉണ്ടാവാം.
ഫിസിയോ തെറാപ്പി
പ്രത്യേകമായി നിര്മിച്ച ഷൂസ് ധരിപ്പിക്കുന്നതാണ് ഫിസിയോ തെറാപ്പിയില് പ്രധാന ഭാഗം. ദിവസവും 23 മണിക്കൂര് വീതം മൂന്നുനാലുമാസം ധരിക്കേണ്ടതായി വരും. പിന്നീടത് 12 മണിക്കൂറാക്കി കുറയ്ക്കാം. ഒപ്പം മരുന്നുകളും കഴിക്കണം. പ്രത്യേകം നിഷ്കര്ഷിക്കുന്ന വ്യായാമമുറകള്, മസാജ് എന്നിവയും ഉള്പ്പെടുന്നതാണ് ചികില്സ. അസ്ഥിഘടനയില് കാര്യമായ വൈകല്യമുണ്ടെങ്കില് സങ്കീര്ണമെന്ന വിഭാഗത്തില്പെടുത്തുന്നു. ഇത് ശരിയാക്കിയെടുക്കാന് പ്രയാസമായിരിക്കും. മനുഷ്യരില് മാത്രമല്ല മൃഗങ്ങളിലും ഈ രോഗം കാണപ്പെടാറുണ്ട്.



Post a Comment