ആണിന് ഒരു അടികിട്ടാനും പെണ്ണിന് അബദ്ധം പറ്റാനും അധികം സമയമൊന്നും വേണ്ടെന്നാണല്ലോ ചൊല്ല്. വണ്ടിക്ക് ഒരു അപകടം ഉണ്ടാവാനും അധികം സമയമൊന്നും വേണ്ട. അപകടമുണ്ടായാല്‍ അതിന്റെ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നതാണ് വാഹനങ്ങളുടെ മുന്‍- പിന്‍ ഭാഗങ്ങളുടെ ധര്‍മം. അതാണ് ക്രംബിള്‍ സോണുകള്‍ എന്ന് ലളിതമായി പറയാം. കൂട്ടിയിടിച്ചാല്‍ തകരാനായി രൂപകല്‍പന ചെയ്ത, വാഹനത്തിന്റെ ഭാഗങ്ങളാണിവ. ഇത് ഇടിയുടെ ആഘാതത്തെ ആഗിരണം ചെയ്യുകയും വാഹനത്തിനകത്തെ യാത്രികരെ സുരക്ഷിതരാക്കുകയും ചെയ്യുന്നു.
നമ്മുടെ വണ്ടി ചെറിയ വേഗത്തിലാണെങ്കിലും അപകടത്തിന്റെ ആഘാതം വളരെ വലുതായിരിക്കാനിടയുണ്ട്. അത് യാത്രികരിലേക്ക് എത്താതിരിക്കാനാണ് ബംബറുകള്‍ അല്ലെങ്കില്‍ മുന്‍ഭാഗം തകരുന്നത്. വാഹനത്തിന്റെ വലുപ്പം, ഭാരം, ഫ്രെയിമിന്റെ കടുപ്പം, അപകടം സംഭവിക്കുമ്പോള്‍ വാഹനത്തിലെത്തുന്ന മര്‍ദം എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങള്‍ എന്‍ജിനീയര്‍മാര്‍ പരിഗണിക്കേണ്ടതിനാല്‍ ഒരു ക്രംബിള്‍ സോണ്‍ രൂപകല്‍പന ചെയ്യുകയെന്നത് അത്ര നിസാര കാര്യമല്ല.
ഉദാഹരണത്തിന് ഒരു ഹാച്ച്ബാക്ക് അല്ലെങ്കില്‍ ചെറിയ കാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്യുവി അതിന്റെ ഭാരക്കൂടുതല്‍ കാരണം കൂടുതല്‍ ശക്തിയോടെ തകരാനുള്ള സാധ്യത ഉയര്‍ന്നതാണ്. അതിനാല്‍ ഓരോ വാഹനത്തിന്റെയും ഘടനയനുസരിച്ച് മാറ്റം വരും. അപകടം സംഭവിക്കുമ്പോള്‍ പെട്ടെന്നുണ്ടാവുന്ന ആഘാതം യാത്രികരുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം.
ഇതു തടയാനുള്ള കാര്യക്ഷമമായ മാര്‍ഗം ആഘാതം പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റില്‍ എത്താനെടുക്കുന്ന സമയം വര്‍ധിപ്പിക്കുക എന്നതാണ്. ഇതിനു പാകത്തിനാണ് ക്രംബിള്‍ സോണുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അപകടമുണ്ടാവുന്ന സമയത്തെ ഊര്‍ജം ആഗിരണംചെയ്ത് ക്രംബിള്‍ സോണുകള്‍ തകരുകയും അതിലൂടെ സഡണ്‍ സ്റ്റോപ്പ് തടയുകയും അങ്ങനെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യപ്പെടുന്നു. യാത്രികരുടെ ഇരിപ്പിടം ഉള്‍പ്പെടുന്ന ഷെല്‍ പരമാവധി സ്‌ട്രോങ് ആക്കുകയും ക്രംബിള്‍ സോണുകള്‍ എന്നറിയപ്പെടുന്ന- പെട്ടെന്നു തകരുന്ന ഭാഗങ്ങള്‍ ഇടിയുടെ ആഘാതം വലിച്ചെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതുകൊണ്ടുമാത്രം യാത്രികര്‍ക്ക് സുരക്ഷ ലഭിക്കണമെന്നില്ല. ആഘാതം ആഗിരണം ചെയ്യുകയും റീഡയറക്ട് ചെയ്യുകയും ചെയ്യുന്നത് മികച്ച സംവിധാനമാണെങ്കിലും അപകടമുണ്ടാവുമ്പോള്‍ കാറിന്റെ പാസഞ്ചര്‍ കംപാര്‍ട്ട്മെന്റിലേക്ക് മറ്റേതെങ്കിലും വസ്തുക്കളോ കാറിന്റെ മറ്റ് ഭാഗങ്ങളോ തുളച്ചുകയറുന്നത് തടയേണ്ടതും ആവശ്യമാണ്.
യാത്രക്കാരെ വലയം ചെയ്യുന്ന ശക്തമായ ഫ്രെയിം, മുന്നിലും പിന്നിലും ക്രാഷ് സോണുകള്‍, എയര്‍ബാഗുകള്‍ എന്നിവയെല്ലാം വാഹനനിര്‍മാണത്തിലെ അടിസ്ഥാന കാര്യങ്ങളായി മാറിയിട്ടുണ്ട്. പഴയകാലത്തെ അപേക്ഷിച്ച് വാഹനനിര്‍മാണത്തിന്റെ അടിസ്ഥാന തത്വങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമെല്ലാം ഏറെ മാറിയിട്ടുണ്ട്. വാഹനത്തിലെ യാത്രികരുടെ മാത്രമല്ല, കാല്‍നട യാത്രികരുടെയും സേഫ്റ്റി പുതിയ വാഹനങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മുന്നിലെ ബംബറുകള്‍ക്ക് നിര്‍മാണ നിലവാരം കുറവാണെന്ന് പലപ്പോഴും തോന്നുന്നത്. അതുകൊണ്ട് ഇനി ഇവയെല്ലാം കാണുമ്പോള്‍ സേഫ്റ്റി കുറവാണെന്ന ചിന്തയൊന്നും ആര്‍ക്കും വേണ്ടതില്ല.



Post a Comment